പാലക്കാട്: നെന്മാറ കയറാടി കൈതച്ചിറയില്‍ റബ്ബര്‍ തോട്ടത്തില്‍ മേയാന്‍ വിട്ട മൂന്ന് ആടുകളെ ചെന്നായ്ക്കൂട്ടം കൊന്നു. കൈതച്ചിറ ചെറിയ പറമ്പില്‍ മാര്‍ട്ടിന്റെ ആടുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒന്നര വയസുള്ള, 25 കിലോ തൂക്കം വരുന്ന മുട്ടനാടും ഒരു വയസ് പ്രായമുള്ള, 15 കിലോ തൂക്കം വരുന്ന രണ്ട് പെണ്ണാടുകളുമാണ് ചത്തത്. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.അയിലമുടി മലയുടെ താഴ്‌വാരത്താണ് സംഭവം. ടാപിങ് തൊഴിലാളിയായ മാര്‍ട്ടിന്‍, ജോലി കഴിഞ്ഞ് വൈകിട്ട്, മൊയ്തുണ്ണി എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. ഇരുപതോളം ചെന്നായക്കളടങ്ങുന്ന കൂട്ടം ആടുകളെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. സമീപത്തെ തോട്ടത്തില്‍ ജോലി ചെയ്തിരുന്ന കുട്ടന്‍ മണലാടി, ചാക്കോച്ചന്‍, കുമാരന്‍, സുബൈര്‍ എന്നിവര്‍ സംഭവത്തിന് സാക്ഷ്യം വഹിച്ചെങ്കിലും അടുത്തേക്ക് ചെല്ലാനാവാത്ത അവസ്ഥയായിരുന്നു.
അവര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. അതില്‍ നിന്നാണ് ആക്രമണം നടത്തിയത് ചെന്നായ്ക്കളാണെന്ന് സ്ഥിരീകരിച്ചത്. പതിനഞ്ച് ആടുകളെയാണ് മേയാന്‍ വിട്ടിരുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ചെന്നായ്ക്കള്‍ ഭക്ഷിച്ച ആടുകളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. നേരത്തേ, മാര്‍ട്ടിന്‍ മേയാന്‍ വിട്ട ആടുകളില്‍ അഞ്ചെണ്ണത്തെ പലപ്പോഴായി കാണാതായിരുന്നു. പുലി പിടിച്ചതാണ് എന്നായിരുന്നു നിഗമനം. ചെന്നായക്കളുടെ സാന്നിധ്യം മനസിലാക്കുന്നത് ഇതാദ്യമായാണ്.
നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട കിടക്കുന്ന മലയോര മേഖലയാണിത്. നിരവധി വീടുകള്‍ ഇവിടെയുണ്ട്. പുള്ളിമാന്‍, മ്ലാവ്, പുലി, കാട്ടുപന്നി, കുരങ്ങ് എന്നിവ ജനവാസ കേന്ദ്രങ്ങളിലെത്താറുണ്ടെങ്കിലും അപകടകാരികളായ ചെന്നായ്ക്കള്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. കരിമ്പാറ വനമേഖലയിലെ തളിപ്പാടം ഭാഗത്തു നിന്ന് മറ്റ് മൃഗങ്ങളെ പിന്തുടര്‍ന്ന് ചെന്നായ്ക്കള്‍ അയിലമുടിയില്‍ എത്തിപ്പെട്ടതായിരിക്കാം എന്നാണ് നിഗമനം. ചെന്നായയുടെ വരവോടെ പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങളിലെ ടാപിങ് തൊഴിലാളികളും ജാഗ്രതയിലാണ്.