സംഫാൽ: ഉത്തർപ്രദേശിലെ സംഫാലിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭർത്താവുമായി ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി യുവതി. സംഫാൽ സ്വദേശിയായ അനീഷ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ റയീസ് അഹമ്മദും ഭാര്യ സിത്താരയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ക്രൂഡ്രൈവറും പ്ലെയറും പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഏഴ് ലക്ഷം രൂപയുടെ കടത്തെച്ചൊല്ലിയാണ് കൊലപാതകമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ കുടുംബം പറയുമ്പോൾ, വിവാഹേതര ബന്ധമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
മകനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് അനീഷിൻ്റെ പിതാവ് മുസ്തകീം പറഞ്ഞു. അനീഷിൻ്റെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും വർഷങ്ങൾക്ക് മുൻപ് കടം നൽകിയ ഏഴ് ലക്ഷം രൂപ തിരികെ ചോദിക്കാനാണ് അയൽവാസിയുടെ വീട്ടിൽ പോയതെന്നും മുസ്തകീം പറഞ്ഞു. മകന്റെ കയ്യും കാലും തല്ലിയൊടിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ക്രൂരമായ അതിക്രമത്തിനിരയായ യുവാവ് അയൽവാസിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്ക് ഓടിയെത്തിയെന്നും അവിടെ വെച്ചാണ് മരിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അനീഷിൻ്റെ മരണത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ, കൊല്ലപ്പെട്ട അനീഷിന് സിത്താരയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അനീഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട റയീസും സിത്താരയും യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.