ചെന്നൈ: വെല്ലൂരിനടുത്ത കാട്പാടിയിൽ വനിതാ ഡോക്ടറെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് യുവാക്കൾക്ക് മഹിള കോടതി 20 വർഷം കഠിന തടവ്. വെല്ലൂർ സെഷൻസ് ജഡ്ജി എസ്. മഗേശ്വരി ബാനു രേഖയാണ് വിധി പ്രസ്താവം നടത്തിയത്. തടവിന് പുറമെ 25,000 രൂപ പിഴ അടക്കണം.
ഓട്ടോ ഡ്രൈവർ പാർഥിപൻ, സുഹൃത്തായ മണികണ്ഠൻ, ഭരത്, സന്തോഷ് എന്നിവരാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത അഞ്ചാമത്തെ പ്രതി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ വിചാരണ നേരിടുകയാണ്.
2022 മാർച്ച് 16ന് അർധരാത്രി 12.30ന് കാട്പാടിയിൽ ഓട്ടോറിക്ഷക്കായി കാത്തുനിന്ന വനിതാ ഡോക്ടറും സഹപ്രവർത്തകയുമാണ് പീഡനത്തിന് ഇരയായത്. ഓട്ടോറിക്ഷയിലെത്തിയ അഞ്ചംഗ സംഘം ഷെയർ ഓട്ടോയാണെന്ന് പറഞ്ഞ് ഇവരെ വാഹനത്തിൽ നിർബന്ധപൂർവം കയറ്റി പാലാർ നദീക്കരയിലേക്ക് കൊണ്ടുപോയി മർദിച്ചവശരാക്കി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.