+

അന്‍സിലിന് യുവതി കളനാശിനി നല്‍കിയത് റെഡ് ബുള്ളില്‍

ടിപ്പര്‍ ഡ്രൈവറായ അന്‍സിലും പ്രതിയായ യുവതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു

കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ യുവതിയെ റിമാന്‍ഡ് ചെയ്തു.


ടിപ്പര്‍ ഡ്രൈവറായ അന്‍സിലും പ്രതിയായ യുവതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍നിന്നു പിന്മാറാന്‍ യുവതി ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. ഇതോടെയായിരുന്നു കൊല്ലാനുള്ള തീരുമാനം യുവതി സ്വീകരിച്ചത്. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന അന്‍സിലിനായി യുവതി റെഡ് ബുള്‍ വാങ്ങി സൂക്ഷിച്ചു. 

തെളിവെടുപ്പില്‍ വീട്ടില്‍ നിന്ന് പൊലീസ് എനര്‍ജി ഡ്രിങ്ക് ക്യാനുകള്‍ കണ്ടെടുത്തു. വിഷം നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ കോതമംഗലം ചെറിയ പള്ളിത്താഴത്തുള്ള വളക്കടയില്‍ നിന്ന് കളനാശിനി വാങ്ങി.

ഒരു ലിറ്ററിന്റെ കളനാശിനിക്ക് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. കളനാശിനി വാങ്ങിയ കടയില്‍ ഉള്ളവര്‍ യുവതിയെ തിരിച്ചറിഞ്ഞു. ജൂലൈ 30ന് പുലര്‍ച്ചെ നാലിന് വീട്ടിലെത്തിയ അന്‍സിലിന് എനര്‍ജി ഡ്രിങ്കില്‍ കളനാശിനി കലക്കി നല്‍കി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അന്‍സില്‍ പൊലീസിനെ ഫോണില്‍ വിളിച്ചു. ഇതുകണ്ട യുവതി ഫോണ്‍ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു.
പിന്നീട് പൊലീസിനെയും അന്‍സിലിന്റെ ബന്ധുക്കളെയും യുവതി തന്നെ വിളിച്ചു. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അവള്‍ എന്നെ ചതിച്ചു എന്ന് അന്‍സില്‍ പറയുകയായിരുന്നു.
 

facebook twitter