ത്രിപുരയിലെ ഗോമതി ജില്ലയില്‍ ഓടുന്ന കാറില്‍ യുവതി ബലാത്സംഗത്തിനിരയായി. ഉദയ്പൂരിലാണ് സംഭവം. അയല്‍വാസികളായ യുവാക്കളാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധിക്കുന്നതിനിടെ യുവതി പീഡന വിവരം പൊലീസിനോട് പറയുകയും പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു,
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഉദയ്പൂര്‍ നഗരത്തിലുള്ള ത്രിപുരേശ്വരി ക്ഷേത്ര സന്ദര്‍ശനത്തിന് പോയതായിരുന്നു യുവതി. അയല്‍വാസികളായ യുവാക്കളും ഇവര്‍ക്ക് പിന്നാലെ ക്ഷേത്രത്തിലെത്തി. ക്ഷേത്രദര്‍ശനത്തിന് ശേഷം യുവതി പുറത്തിറങ്ങിയപ്പോള്‍ യുവാക്കള്‍ ഇവരെ കാറില്‍ കയറ്റുകയും ഉദയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇതിനിടെയാണ് യുവതിയെ പ്രതികളായ മിഥുനും ബോവറും പീഡിപ്പിച്ചത്.
രാത്രി പത്ത് മണിയോടെ ചെക്ക്പോസ്റ്റിലൂടെ കാര്‍ കടന്നുപോകുമ്പോഴാണ് പൊലീസ് ഇവരെ കാണുന്നതും തടയുന്നതും. ഇതിനിടെയാണ് യുവതി പീഡന വിവരം പൊലീസിനോട് പറയുന്നത്. ഇതോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം പ്രതികള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു. ഇരുവര്‍ക്കും 24 വയസ് മാത്രമാണ് പ്രായം. ഫോറന്‍സിക് വിഭാഗം വാഹനം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രാദേശിക കോടതിയിലെത്തി അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.
ത്രിപുരയില്‍ ഓടുന്ന കാറില്‍ യുവതി ബലാത്സംഗത്തിനിരയായി; രണ്ട് പേര്‍ പിടിയില്‍
07:53 AM Aug 23, 2025
| Suchithra Sivadas