+

സല്‍മാന്‍ഖാന്റെ വസതിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീക്ക് ക്രിമിനല്‍ പശ്ചാത്തലം ; വിശദ അന്വേഷണം നടത്താന്‍ പൊലീസ്

വാഹന ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇഷക്കെതിരെ കേസുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്. ഇഷ ഛബ്രയെ എന്ന 36 കാരിയെയാണ് പൊലീസ് പിടികൂടിയത്. വാഹന ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇഷക്കെതിരെ കേസുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അന്ധേരിയിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഏപ്രില്‍ 28-നായിരുന്നു സംഭവം. ഓഫീസിലെ വനിത ജീവനക്കാരിയെ ഇഷ ആക്രമിച്ചതായും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കേടുവരുത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൂന്ന് ദിവസം മുമ്പ് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഡലാണെന്ന് അവകാശപ്പെടുന്ന ഇഷ സല്‍മാന്‍ ഖാന്റെ വസതിയില്‍ ആരുമറിയാതെ പ്രവേശിക്കാന്‍ ശ്രമിച്ചത്. ചോദ്യം ചെയ്യലില്‍ നടന്‍ തന്നെ ക്ഷണിച്ചുവെന്നും അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ മുട്ടിയ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാളെ കണ്ടതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഈ സ്ത്രീയുമായോ അവരുടെ അവകാശവാദങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് നടന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. മെയ് 20-നും സമാനമായ സംഭവം ഉണ്ടായിരുന്നു. ജിതേന്ദ്ര കുമാര്‍ സിംഗ് എന്ന യുവാവ് നടനെ കാണണമെന്ന പേരില്‍ സല്‍മാന്റെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു.

അതേസമയം, സല്‍മാന്‍ ഖാന്റെ പടിഞ്ഞാറന്‍ ബാന്ദ്രയിലെ വസതിയില്‍ സന്ദര്‍ശകരെത്തുന്നത് നിയന്ത്രിക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ്.

facebook twitter