ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ഫ്‌ളാറ്റിലെത്തിച്ചു; കൊല്‍ക്കത്തയിൽ യുവതിയെ 'സുഹൃത്തുക്കൾ' ബലാത്സംഗം ചെയ്തു

04:49 PM Sep 07, 2025 | Kavya Ramachandran


കൊല്‍ക്കത്ത: 20-കാരിയെ ജന്മദിനത്തില്‍ പരിചയത്തിലുള്ള രണ്ട് പേര്‍ കൊല്‍ക്കത്തയില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള റീജന്റ് പാര്‍ക്ക് പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദന്‍ മാലിക്, ദീപ് എന്നിങ്ങനെയുള്ള രണ്ട് പേരാണ് പ്രതികള്‍. കുറ്റകൃത്യത്തിന് ശേഷം ഇവര്‍ ഒളിവില്‍ പോയി. ദീപ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥാനണെന്നാണ് വിവരം

ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ ചന്ദന്‍ യുവതിയെ ദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്തതായിട്ടാണ് പരാതി ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

'യുവതിയുടെ ജന്മദിനം വെള്ളിയാഴ്ചയായിരുന്നു. അന്നേദിവസം പ്രതികളായ ചന്ദനും ദീപും ചേര്‍ന്ന് യുവതിയെ ദീപിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവര്‍ ഭക്ഷണം കഴിച്ചു. വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ തടഞ്ഞുവെച്ചു. വാതില്‍ പൂട്ടിയിട്ട് അവര്‍ കൂട്ടബലാത്സംഗം ചെയ്തു' പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ 10:30 ഓടെയാണ് അതിജീവിതയ്ക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം യുവതി കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും, തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

'ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ് ചന്ദനെ യുവതി പരിചയപ്പെട്ടത്. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു വലിയ ദുര്‍ഗ്ഗാ പൂജാ കമ്മിറ്റിയുടെ തലവനായാണ് താനെന്നാണ് ചന്ദന്‍ സ്വയം പരിചയപ്പെടുത്തിയത്. ചന്ദന്റെ സുഹൃത്തായ ദീപിനെ പിന്നിട് പരിചയപ്പെടുകയും മൂവരും തമ്മില്‍ സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്നു' യുവതിയുടെ പരാതിയില്‍ വ്യക്തമാക്കി.

പൂജാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന് രണ്ടുപേരും വാഗ്ദാനം നല്‍കിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.