പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും എല്ലായിടത്തും എത്തിപ്പെടാനും സുരക്ഷയൊരുക്കാനാവില്ലെന്നുമാണ് നേതാവിന്റെ പരാമര്‍ശം. രാത്രി 12.30ന് പെണ്‍കുട്ടി എങ്ങനെ പുറത്തെത്തിയെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് സ്വന്തം പാര്‍ട്ടിയില്‍നിന്ന് മറ്റൊരു നേതാവും സമാനരീതിയിലുള്ള പരാമര്‍ശം നടത്തുന്നത്.
'ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സ്ഥലങ്ങളിലേതിനേക്കാളും മെച്ചപ്പെട്ട സ്ത്രീസുരക്ഷയാണ് ബംഗാളിലേത്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ കോളേജിന് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായ്‌പ്പോഴും സുരക്ഷയൊരുക്കാനും കഴിഞ്ഞെന്നുവരില്ല. പൊലീസിന് എല്ലാ റോഡുകളിലും എത്തിപ്പെടാനായെന്ന് വരില്ല. അതിനാല്‍ സ്ത്രീകളും ജാഗ്രത പാലിക്കണം' എന്നാണ് സൗഗത റോയ് പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയും ഒഡീഷ സ്വദേശിനിയുമായ 23കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.
സംഭവം ഞെട്ടിക്കുന്നതാണെന്നും ബംഗാള്‍ പൊലീസ് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മമത ബാനര്‍ജി അറിയിച്ചിരുന്നു.