ലഖ്നോ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോൾ യു.പി.എ സർക്കാറിനെ വിമർശിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്രവാദികൾക്കെതിരായ കേസ് മോദി സർക്കാർ പിൻവലിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിക്കുകയാണ്. രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വസിക്കണം. മറ്റ് സർക്കാറുകളെ പോലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഭീകരാക്രമണം ബി.ജെ.പി സർക്കാർ ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.