കുടുംബത്തിലെ ചടങ്ങിനിടെ ശമ്പളം വെളിപ്പെടുത്തി യുവാവ്, ഇപ്പോള്‍ പൊല്ലാപ്പായി, എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പെന്ന് സോഷ്യല്‍ മീഡിയ

07:09 PM Oct 04, 2025 | Raj C

ന്യൂഡല്‍ഹി: ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെ കുടുംബാംഗങ്ങളോട് ശമ്പളം വെളിപ്പെടുത്തിയത് വലിയ തലവേദനയായി മാറിയിരിക്കുകയാണെന്ന് ഡല്‍ഹി സ്വദേശിയായ യുവാവ് വെളിപ്പെടുത്തി.

സൂരജ് വിഹാര്‍ പരിസരത്ത് നടന്ന സംഭവം റെഡിറ്റിലൂടെ പങ്കുവെച്ചതോടെ യുവാവിന്റെ കഥ ഇന്റര്‍നെറ്റിലെ വലിയ ചര്‍ച്ചയായി മാറി. ഇന്ത്യന്‍ കുടുംബങ്ങളിലെ സാമ്പത്തിക, വ്യക്തിഗത വിഷയങ്ങള്‍ക്കുള്ള അനാവശ്യ ഇടപെടലുകളെ തുറന്നുകാട്ടുന്നതാണ് ഈ സംഭവം.

ജന്മദിനാഘോഷത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണവും സൗഹൃദസംഭാഷണങ്ങളും ആസ്വദിക്കുകയായിരുന്നു ഏവരും. ഇതിനിടെ ചില അമ്മാവന്മാര്‍ യുവാവിനെ വട്ടമിട്ട് ജോലിയേക്കുറിച്ചും വരുമാനത്തെക്കുറിച്ചും ചോദിച്ചു. ആദ്യം ഇതില്‍നിന്നും ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നല്‍കിയത്. കാര്യമായൊന്നുമില്ല വയറുനിറയെ ഭക്ഷണം കഴിക്കാനുള്ളത് കിട്ടുമെന്ന് പറഞ്ഞതോടെ അമ്മാവന്മാര്‍ പരിഹാസം ആരംഭിച്ചു. ഇതോടെ തനിക്ക് വര്‍ഷം 60 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നതായി യുവാവ് വെളിപ്പെടുത്തുകയായിരുന്നു.

ശമ്പളത്തിന്റെ വലുപ്പം അറിഞ്ഞതോടെ മറ്റു കുടുംബാംഗങ്ങളും യുവാവിനെ വട്ടമിട്ടു. പിന്നെ തുരുതുരെ ചോദ്യങ്ങളായി. മധുരം വിളമ്പാനും കാര്യങ്ങള്‍ അന്വേഷിക്കാനുമുള്ള തിരക്കായി. അനാവശ്യ ചോദ്യങ്ങളുടെ പരമ്പരയായിരുന്നു പിന്നീട് നേരിട്ടതെന്ന് യുവാവ് പറയുന്നു. ഒരു കുട്ടിയുടെ ജന്മദിന പാര്‍ട്ടിയില്‍ അറേഞ്ച്ഡ് മാരേജിന്റെ നിര്‍ദ്ദേശം വരെ എത്തിയെന്നാണ് ഇയാള്‍ പറയുന്നത്.

ഇന്ത്യന്‍ അമ്മാവന്മാരുടെ അനാവശ്യ ചോദ്യങ്ങളെക്കുറിച്ചാണ് റെഡ്ഡിറ്റില്‍ ഇതേക്കുറിച്ച് സംസാരിച്ച ഭൂരിപക്ഷംപേരും വിമര്‍ശിച്ചത്. ഒരിക്കലും വ്യക്തിഗത വിഷയങ്ങള്‍ ഇവരുമായി പങ്കുവെക്കരുതെന്നും അവര്‍ പറയുന്നു.