സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

08:03 PM May 19, 2025 | Kavya Ramachandran

ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് തിരുവണ്ണാമലെ വിളളപ്പക്കം സ്വദേശിയായ അജിത് കുമാർ (28) ആണ് അറസ്റ്റിലായത്. ഹരിപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി മാറ്റി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലും പോസ്റ്റ് ചെയ്യുന്നതാണ് പ്രതിയുടെ രീതി. വ്യാജ അക്കൗണ്ടുകളിലൂടെയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

ഹരിപ്പാട് സ്വദേശികളായ എട്ട് പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ കോട്ടയം സ്വദേശിയായ അരുണിനെ (25) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത് കുമാർ പൊലീസിന്റെ പിടിയിലായത്. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ് ഐ ഷൈജ, എ എസ് ഐ ശിഹാബ്, സിപിഒമാരായ ശ്രീജിത്, നിഷാദ്, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.