പിണങ്ങി വീടുവിട്ടുപോയ ഭാര്യയെയും മക്കളെയും തിരികെക്കൊണ്ടുവരണം; മദ്യപിച്ച് പോലീസിനെവിളിച്ച് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

10:04 AM May 20, 2025 | Kavya Ramachandran


തിരുപ്പുര്‍: നിരന്തരം പോലീസ് കണ്‍ട്രോള്‍ റൂമിൽ  വിളിച്ച്  ശല്യം ചെയ്ത്  യുവാവ്. ആവശ്യം പിണങ്ങി വീടുവിട്ടുപോയ ഭാര്യയെയും മക്കളെയും തിരികെക്കൊണ്ടുവരണം. മദ്യലഹരിയിലുള്ള വിളി ശല്യമായതോടെ യുവാവ് അറസ്റ്റിലുമായി. തിരുപ്പൂര്‍ നൊച്ചിപ്പായം നിവാസിയും വസ്ത്രനിര്‍മാണശാലയില്‍ തയ്യല്‍ക്കാരനുമായ ശരവണനെയാണ് (39) തിരുപ്പൂര്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ കുറച്ചുദിവസമായി മദ്യപിച്ചശേഷം ശരവണന്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഇടയ്ക്കിടെ വിളിച്ചിരുന്നെന്നു പോലീസ് പറയുന്നു.
ഭര്‍ത്താവ് മദ്യപിച്ച് ഉപദ്രവിക്കുന്നെന്നു കാണിച്ച് ശരവണന്റെ ഭാര്യ തിരുപ്പൂര്‍ സിറ്റി പോലീസില്‍ നേരത്തേ പരാതി കൊടുത്തിരുന്നു. പോലീസ് ശരവണനെ താക്കീതുനല്‍കി വിട്ടയക്കുകയുംചെയ്തു. 

അതിനുപിന്നാലെയാണ് ഭാര്യ രണ്ടുകുട്ടികളെയും കൂട്ടി അവരുടെ രക്ഷിതാക്കളുടെ അടുത്തേക്കുപോയത്. തുടര്‍ന്നാണ് ശരവണന്‍ നിരന്തരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളി ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്.