ദില്ലി: ഛത്തീസ്ഗഡിലെ ജാഷ്പൂരിൽ പത്താമത്തെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. മോഷണ സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. 38കാരിയായ ബസന്തി ഭായ് ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധുലാ റാം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസന്തി ഭായ് വിവാഹ വീട്ടിൽ നിന്ന് അരി, പാചക എണ്ണ, വസ്ത്രങ്ങൾ എന്നിവ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വാക്കേറ്റത്തെ തുടർന്ന് പന്ദ്രപഥ്ബാഗിച്ച പ്രദേശത്ത് വെച്ച് ധുലാ റാം ഭാര്യയെ അടിച്ച് കൊലപ്പെടുത്തി മൃതദേഹം അടുത്തുള്ള ഒരു കാട്ടിൽ ഉണങ്ങിയ ഇലകൾക്കടിയിൽ ഒളിപ്പിച്ചു.
അഞ്ച് ദിവസത്തിന് ശേഷം കാട്ടിലെ അഴുക്കുചാലിന് ദുർഗന്ധം വമിച്ചപ്പോഴാണ് ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അതുവരെ സംഭവം ആരും പുറത്തറിഞ്ഞിരുന്നില്ല. പരിശോധനയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. മുഖം തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാൾ നേരത്തെ ഒമ്പത് വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളുടെ ആക്രമണ സ്വഭാവം കാരണം എല്ലാവരും ഇയാളെ ഉപേക്ഷിച്ചു.
മറ്റ് ഭാര്യമാരെപ്പോലെ ബസന്തിയും തന്നെ ഉപേക്ഷിക്കുമോ എന്ന് ധുലാ റാം ഭയപ്പെട്ടതായി പൊലീസ് പറയുന്നു. ഭാര്യയെ ഇയാൾക്ക് സംശയമുണ്ടായിരുന്നുവെന്നും മോഷണ ആരോപണവുമായി ഇത് കൂടിച്ചേർന്നതാണ് മാരകമായ ആക്രമണത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു. ഇയാളുടെ മുൻ ഭാര്യമാരായ ഒമ്പത് പേരും ഇയാളുടെ അക്രമവും മോശമായ പെരുമാറ്റവും കാരണമാണ് ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു.