കടം വാങ്ങിയ പണം തിരികെചോദിച്ചു ; ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

09:44 AM Jul 13, 2025 |


ഏനാത്ത്: പത്തനംതിട്ടയിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്തില്‍ ബന്ധുവിനെ വെട്ടുകത്തികൊണ്ട് വെട്ടിയ യുവാവ് അറസ്റ്റില്‍. തുവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദുഭവനില്‍ വൈഷ്ണവ് (23)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റുചെയ്തത്.

അയല്‍വാസിയും ബന്ധുവുമായ പുത്തന്‍പുരയില്‍ വീട്ടില്‍ ഹരിഹരനാണ് (43) ആക്രമണത്തില്‍ പരിക്കേറ്റത്. 11-ന് രാത്രി മദ്യപിച്ചെത്തിയ വൈഷ്ണവ്, ഹരിഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ശബ്ദംകേട്ട് ഹരിഹരന്റെ സഹോദരന്‍മാര്‍ എത്തിയപ്പോള്‍ ഇയാള്‍ റോഡിലേക്ക് ഇറങ്ങി ചീത്തവിളിച്ചു. ഇത് ചോദ്യംചെയ്തപ്പോള്‍ വെട്ടുകത്തികൊണ്ട് ഹരിഹരന്റെ തലയില്‍ വെട്ടുകയായിരുന്നു.

സഹോദരന്മാര്‍ ഹരിഹരനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏനാത്ത് പോലീസെത്തി വൈഷ്ണവിനെ വീടിന് അടുത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാള്‍ രണ്ടാഴ്ചമുമ്പ് ഹരിഹരന്റെ കൈയില്‍നിന്ന് പണം കടംവാങ്ങിയിരുന്നു.