13 കാരി മയക്കുമരുന്ന് കലർന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസ് : യുവാവ് അറസ്റ്റിൽ

07:11 PM Apr 11, 2025 | AVANI MV

തിരുവനന്തപുരം: 13 വയസുള്ള പെൺകുട്ടിക്ക് മയക്കുമരുന്ന് കലർന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസാണ് അറസ്റ്റിലായത്. പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് എടുത്തുചാടി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ കാര്യമായ പരിക്കേൽക്കാതെ തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ വീടിന് കുറച്ച് അകലെയായിട്ടാണ് പെൺകുട്ടിയുടെ വീട്. സ്കൂൾ വിട്ടുവരുന്നതിനിടെ പെൺകുട്ടിക്ക് പ്രതി ലഹരിയടങ്ങിയ മിഠായി നൽകിയിരുന്നു. പെൺകുട്ടി പതിവായി ഈ മിഠായി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർക്ക് സംശയം തോന്നി. മിഠായി കിട്ടാത്ത സമയത്ത് കുട്ടി വല്ലാത്ത മാനസികാവസ്ഥ കാണിക്കാൻ തുടങ്ങിയതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ലൈംഗിക പീഡന വിവരം പുറത്തുവരുന്നത്. പലതവണ പെൺകുട്ടിയെ ലഹരി നൽകി യുവാവ് പീഡിപ്പിച്ചതായാണ് മൊഴി. തുടർന്ന് കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വൈകുന്നേരത്തോടെ പൂജപ്പുര പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.