കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം നടപ്പായില്ല. 30 വീടുകള്‍ നിര്‍മിച്ചുതരുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഒരു വീടുപോലും നല്‍കാനാകാത്തത് സംഘടനയ്ക്ക് നാണക്കേടായി.
ഓരോ വീടിനും 8 ലക്ഷം രൂപ വീതം കണക്കാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് ഫണ്ട് ശേഖരണം നടത്തിയത്. ഇതിനായി 83 ലക്ഷം രൂപ സമാഹരിച്ചതായി അവര്‍ അവകാശപ്പെട്ടെങ്കിലും, ഒരു വീടുപോലും ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഫണ്ട് ശേഖരണത്തിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ കഴിയാത്തതിനാല്‍, സുതാര്യതയില്ലായ്മയെക്കുറിച്ചുള്ള ആരോപണങ്ങളും ശക്തമായി.
ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫണ്ട് ദുരുപയോഗം നടത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നു. ഇത് സംഘടനയുടെ വിശ്വാസ്യതയെ കൂടുതല്‍ ദോഷകരമായി ബാധിച്ചു. ഒരു കോടി രൂപയില്‍ താഴെ മാത്രം സമാഹരിച്ച യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐയുടെ 20 കോടി രൂപയുടെ വമ്പിച്ച ഫണ്ട് ശേഖരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നിലാണ്.
ഡിവൈഎഫ്‌ഐ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി ശക്തമായ ദുരിതാശ്വാസ പദ്ധതിയാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. തുടക്കത്തില്‍ 25 വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ഡിവൈഎഫ്‌ഐ, പിന്നീട് ഈ ലക്ഷ്യം 100 വീടുകളായി വര്‍ധിപ്പിച്ചു. ഓരോ വീടിനും 20 ലക്ഷം രൂപ വീതം കണക്കാക്കി, ആകെ 20 കോടി രൂപ സമാഹരിച്ച് സര്‍ക്കാരിന് കൈമാറുകയും ചെയ്തു.
തുക സമാഹരിക്കുന്നതിനായി ഡിവൈഎഫ്‌ഐ വിപുലമായ ഫണ്ട് ശേഖരണ പരിപാടികളാണ് നടത്തിയത്. സാധാരണക്കാരുടെ സംഭാവനകള്‍ മാത്രമല്ല, സ്‌ക്രാപ് ശേഖരണം, ഉള്‍പ്പെടെ നടത്തിയാണ് കഠിനാധ്വാനത്തിലൂടെ തുക സമാഹരിച്ചത്.
ഡിവൈഎഫ്‌ഐയുടെ സുതാര്യതയും വേഗതയും യൂത്ത് കോണ്‍ഗ്രസിന് മാതൃകയാണ്. 20 കോടി രൂപ പൂര്‍ണമായും സര്‍ക്കാരിന് കൈമാറിയതോടെ, ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലായി. ജനകീയ പങ്കാളിത്തത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമായി നടപ്പിലാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡിവൈഎഫ്‌ഐയുടെ ഇടപെടല്‍.