+

പാലക്കാട് വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി വലപ്പുഴ യാറം കണ്ടെയ്ങ്ങാട്ടിൽ ബഷീർ ആണ് മരിച്ചത്.

പാലക്കാട്: തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി വലപ്പുഴ യാറം കണ്ടെയ്ങ്ങാട്ടിൽ ബഷീർ ആണ് മരിച്ചത്. 42 വയസായിരുന്നു. ക്വാർട്ടേഴ്സിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ബഷീറും ഭാര്യയും താമസിച്ചിരുന്ന ക്വാർട്ടേഴ്സിനകത്ത് നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. 

രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ ബഷീറിനെ കാണുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടന്ന ബഹളത്തിൽ തകർന്ന ജനൽ ചില്ല് കാലിൽ തട്ടി ബഷീറിന് മുറിവേറ്റിരുന്നതായും ഇതിൽ നിന്നും രക്തം വാർന്ന് പോയതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

facebook twitter