യുഎഇയില്‍ പിതാവിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് പോലീസിനോട് സഹായമഭ്യര്‍ത്ഥിച്ച് പത്തുവയസ്സുകാരന്‍

02:17 PM Jul 04, 2025 | Suchithra Sivadas

യുഎഇയില്‍ പിതാവിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് പോലീസിനോട് സഹായമഭ്യര്‍ത്ഥിച്ച് പത്തുവയസ്സുകാരന്‍. ദുബൈ പോലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയാണ് കുട്ടി പരാതി നല്‍കിയത്. പിതാവ് തന്നെ തുടര്‍ച്ചയായി മര്‍ദിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. തനിക്ക് സഹോദരങ്ങളുണ്ടെന്നും അവരില്‍ നിന്ന് വ്യത്യസ്തമായി തന്നെ മാത്രമാണ് പിതാവ് ഉപദ്രവിക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്.

ശരീരമാസകലം മര്‍ദനമേറ്റതിന്റെ മുറിവുകളാണ്. ഇത് ക്ലാസില്‍ ഒപ്പം പഠിക്കുന്ന കുട്ടികളില്‍ നിന്നും മറച്ചുപിടിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. ഇതോടെ സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി പഠനത്തിലും മറ്റ് കാര്യങ്ങളിലും പിന്നോട്ടായി. ഇതില്‍ സ്‌കൂള്‍ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടി തളര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതരും സോഷ്യല്‍ വര്‍ക്കറും കുട്ടിയോട് സംസാരിക്കുകയും അവന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ മുറിവുകള്‍ കണ്ടെത്തുകയും ചെയ്തു. ഉടനെ ദുബൈ പോലീസുമായി സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു.

ഇനിയും പിതാവ് മര്‍ദിക്കുമോ എന്ന പേടിയില്‍ കുട്ടി പിതാവിന്റെ ചെയ്തികളെപ്പറ്റി പറയാന്‍ ആദ്യം തയാറായിരുന്നില്ലെന്നും പിന്നീടാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. അലി അല്‍ മത്രൂഷി പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതനുസരിച്ചാണ് കുട്ടി സ്മാര്‍ട്ട് ആപ്പിലൂടെ ദുബൈ പോലീസില്‍ പരാതിപ്പെട്ടത്.
പരാതി ലഭിച്ച ഉടന്‍തന്നെ സംഭവത്തില്‍ ഇടപെട്ട് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. എന്നാല്‍ മകനെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല മര്‍ദിച്ചതെന്നും കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കളില്‍ നിന്നും അനുഭവിച്ചറിഞ്ഞ രക്ഷാകര്‍തൃ ശൈലി മകനിലും തുടരുകയായിരുന്നെന്നാണ് പിതാവ് പറഞ്ഞതെന്നും അല്‍ മത്രൂഷി പറഞ്ഞു. മര്‍ദിക്കുന്നതിലൂടെ കുട്ടി കൂടുതല്‍ ശക്തനാകുമെന്നും അതിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നുമാണ് പിതാവ് അവകാശപ്പെടുന്നത്. ഇത് കുട്ടിയെ ബലവാനാക്കുന്നതിന് പകരം ട്രോമയിലെത്തിക്കുകയാണ് ചെയ്യുകയെന്ന് അല്‍ മത്രൂഷി പറഞ്ഞു.

കുട്ടിയോടുള്ള പെരുമാറ്റത്തിലും ശിക്ഷണ രീതിയിലും മാറ്റം വരുത്തുമെന്ന് പിതാവ് സമ്മതിച്ചതായും ഇയാള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.