+

കുവൈത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 1,179 വാഹനാപകടങ്ങള്‍

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് 1,179 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഈ അപകടങ്ങളില്‍ 180 പേര്‍ക്ക് പരിക്കേറ്റു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി 31,395 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഫര്‍വാനിയയിലാണ് (6,472). തൊട്ടുപിന്നില്‍ തലസ്ഥാന ഗവര്‍ണറേറ്റ് (5,286), അഹമദി (5,022), ജഹ്റ (4,719), ഹവല്ലി (2,317), മുബാറക്ക് അല്‍-കബീര്‍ (2,111) എന്നിവയാണ്.


ലൈസന്‍സില്ലാതെ വാഹനമോടിച്ച 79 പ്രായപൂര്‍ത്തിയാകാത്തവരെ പിടികൂടി. ഇതില്‍ 60 പേരും ജഹ്റ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഈ കാലയളവില്‍ ട്രാഫിക് സ്റ്റേഷനുകളില്‍ 65 പേരെ കസ്റ്റഡിയിലെടുത്തു, ഇതില്‍ 40 പേരും ജഹ്റയില്‍ നിന്നാണ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ 29 വാഹനങ്ങളും ഒരു മോട്ടോര്‍സൈക്കിളും പോലീസ് പിടിച്ചെടുത്തു. അന്വേഷണങ്ങള്‍ക്കായി 66 പിടികിട്ടാപ്പുള്ളികള്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത 36 പേര്‍, മോഷണക്കേസിലെ രണ്ട് പ്രതികള്‍, താമസരേഖകള്‍ക്ക് കാലാവധി കഴിഞ്ഞ 126 വിദേശികള്‍, രണ്ട് വഴിയോര കച്ചവടക്കാര്‍, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍, അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരാള്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

facebook twitter