സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. 'സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളില്‍ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായി 35% സംവരണം ഏര്‍പ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രഖ്യാപനം.
'പൊതു സേവനങ്ങളില്‍ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനിര്‍വ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പട്‌നയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാര്‍ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. ബിഹാറിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാര്‍ യൂത്ത് കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രഖ്യാപനം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയെന്നും ബിഹാര്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ യുവാക്കളുടെ ഉന്നമനവും ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ബിഹാര്‍ യുവജന കമ്മീഷന്‍ സര്‍ക്കാരിനെ ഉപദേശിക്കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളുമായി കമ്മീഷന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.