+

കടല്‍മാര്‍ഗം കടത്തിയത് 322 കിലോ ഹാഷിഷ്, കുവൈത്തില്‍ നാലുപേര്‍ക്ക് വധശിക്ഷ

ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിലൂടെയാണ് ഈ വന്‍ ലഹരിവേട്ട നടന്നത്.

കുവൈത്തില്‍ കടല്‍മാര്‍ഗം വന്‍തോതില്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ നാല് ഇറാന്‍ സ്വദേശികള്‍ക്ക് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു. ജസ്റ്റിസ് നസര്‍ സലീം അല്‍ ഹൈദ് അധ്യക്ഷനായ അപ്പീല്‍ കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വില്‍പനയ്ക്കായി 322 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്തിയെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം.

ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിലൂടെയാണ് ഈ വന്‍ ലഹരിവേട്ട നടന്നത്. കുവൈത്ത് സമുദ്ര അതിര്‍ത്തിക്കുള്ളില്‍ വലിയ രീതിയിലുള്ള ലഹരി കൈമാറ്റം നടക്കുമെന്ന് ഡിസിജിഡിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റഡാര്‍ നിരീക്ഷണത്തില്‍ ഇറാനില്‍ നിന്നുള്ള ഒരു കപ്പലും ലഹരിമരുന്ന് ഏറ്റുവാങ്ങാന്‍ എത്തിയ സ്പീഡ് ബോട്ടും കണ്ടെത്തുകയായിരുന്നു. സമുദ്ര മധ്യത്തില്‍ വെച്ച് ലഹരി കൈമാറുന്നതിനിടെയാണ് പ്രതികളെ അധികൃതര്‍ വളഞ്ഞത്. എട്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 322 കിലോ ഹാഷിഷ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. കേസിലെ പ്രതികളില്‍ ഒരാള്‍ നിലവില്‍ കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരനാണ്

facebook twitter