നേപ്പാളിനെ ഇളക്കിമറിച്ച ജെന്‍ സി പ്രക്ഷോഭത്തില്‍ പങ്കെടുത്ത 73 കാരിയായ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചന. ജെന്‍ സികള്‍ സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തെരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തില്‍ കര്‍ക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെന്‍ സികളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാഠ്മണ്ഡു മേയര്‍ ബാലന്‍ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് സുശീലയുടെ പേര് ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയ നിരോധനത്തില്‍ തുടങ്ങിയ ജെന്‍ സി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും സര്‍ക്കാരിലെ മറ്റ് മന്ത്രിമാരും പ്രസിഡന്റും രാജിവച്ചിരുന്നു. പുതിയ സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിതമാകുന്നതുവരെ സുശീല കര്‍ക്കി ഇടക്കാല സര്‍ക്കാരിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.