
ചെറുപുഴയില്‍ എട്ടുവയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്ന മൊഴിയാണ് പോലീസിനോട് ജോസ് ആവര്‍ത്തിച്ചത്. കുട്ടികളുടെ മൊഴിയിലും പ്രാങ്ക് വീഡിയോ എന്നാണ് ആവര്‍ത്തിക്കുന്നത്. ഈ മൊഴി പൂര്‍ണ്ണമായും ഇപ്പോള്‍ പോലീസ് വിശ്വസിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ 19നാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇത് ഭാര്യക്ക് അയച്ചു നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടു മക്കളെയും ഇന്നലെ തന്നെ CWC സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ മാനസിക ആരോഗ്യം പൂര്‍വ്വ സ്ഥിതിയില്‍ ആയതിനുശേഷം ബാലാവകാശ കമ്മീഷന്‍ വിശദമായ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിങ്ങും നടത്തും. ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നാണ് പോലീസും കരുതുന്നത്.
മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. എന്നാല്‍ കുട്ടിയെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം നടത്തുകയായിരുന്നു.