ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” തീയറ്ററുകളിൽ ഉടൻ പ്രദർശനത്തിനെത്തും. സംവിധായകൻ റാഫി മതിരയുടെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരിൽ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും വന്യ മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ എഴുതി സംവിധാനം നിർവ്വഹിച്ചത് നിർമ്മാതാവു കൂടിയായ റാഫി മതിര തന്നെയാണ്. 2023-ൽ ജോഷി –സുരേഷ് ഗോപി ചിത്രമായ ‘പാപ്പൻ’, 2023-ൽ ഉടൽ ഫെയിം രതീഷ് രഘു നന്ദൻ-ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ൽ ഇഫാർ മീഡിയ അവതരിപ്പിക്കുന്ന ഇരുപതാമത് സിനിമയാണ് “PDC അത്ര ചെറിയ ഡിഗ്രി അല്ല”.
കൊല്ലം ജില്ലയിലെ ഒരു റസിഡൻഷ്യൽ പാരലൽ കോളേജിൽ 1996-98 കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാർക്ക് താമസിച്ചു പഠിക്കാൻ അവസരം ലഭിക്കുന്നു , പിന്നീടുള്ള അവരുടെ കലാലയ ജീവിതവും , പ്രണയവും , സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം ഈ സിനിമയിൽ ചർച്ചയാകുന്നു.
നിരവധി പുതുമുഖ താരങ്ങൾക്ക് പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയൻ ചേർത്തല, സജിലാൽ, സന്തോഷ് കീഴാറ്റൂർ, ബാലാജി, സോനാ നായർ, വീണ നായർ, എസ്.ആശ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രൻ, റിയാസ് നർമ്മകല, ബിജു കലാവേദി, മുൻഷി ഹരി, നന്ദഗോപൻ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂർവിള, ആനന്ദ് നെച്ചൂരാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം നൽകുന്നു. K.S. ചിത്ര, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഉണ്ണി മടവൂർ, പശ്ചാത്തല സംഗീതം റോണി റാഫേൽ, കലാസംവിധാനം സജിത്ത് മുണ്ടയാട്, കൊറിയോഗ്രഫി മനോജ് ഫിഡാക്ക്, എഡിറ്റിംഗ് വിപിൻ മണ്ണൂർ, സൗണ്ട് മിക്സിംഗ് N. ഹരികുമാർ.