തിരുവല്ല : കോയിപ്രത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയും ഭാര്യ പിതാവ് അടക്കം രണ്ടു പേരെ കുത്തി പരുക്കേൽപിക്കുകയും ചെയ്ത പ്രതി പോലീസിന്റെ പിടിയിലായി. കവിയൂർ കോട്ടൂർ സ്വദേശി ജയകുമാറിനെ(അജി 42) ആണ് പിടിയിലായത്. തിരുവല്ല വൈ എം സി എ ജംഗ്ഷനിലെ നഗരസഭ മൈതാനത്തിനു സമീപം മേൽപാലത്തിനു താഴെയുള്ള ഷെഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പ്രതിയെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പിടികൂടിയത്.
ശനിയാഴ്ചയായിരുന്നു കേസിനെ ആസ്പദമായ സംഭവം നടന്നത്. സംഭവശേഷം ട്രെയിൻ മാർഗ്ഗം പോയതായും പോലീസിൽ കീഴടങ്ങാനായി തിരികെ എത്തുകയായിരുന്നു എന്നാണ് പിടിയിലായ പ്രതി പോലീസിനോട് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ കവിയൂർ, കല്ലൂപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ പ്രതി കല്ലൂപ്പാറ കറുത്തവടശ്ശേരികടവ് ഭാഗത്തുണ്ടെന്ന വിവരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ വൻ പൊലീസ് സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ സ്പെഷ്യൽ ബ്രാഞ്ച് സിപിഒ സജിത് ലാലിന്റെ ഫോണിലേക്ക് ഒരു മണിക്കൂർ മുൻപ് തിരുവല്ല ടൗണിൽ കണ്ടുവെന്ന് ഒരാൾ ഫോണിൽ വിളിച്ചറിയിച്ചു. ഉടൻതന്നെ വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. തുടർന്ന് പ്രതിക്കായി തിരച്ചിൽ നടത്തുന്ന സംഘത്തോട് തിരുവല്ലയിൽ എത്താൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. തുടർന്ന് തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാർ , സിഐ എസ്.സന്തോഷ്, എസ്ഐ കെ.രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി നഗരത്തിൽ തിരച്ചിൽ ആരംഭിച്ചു.
ഈ അന്വേഷണത്തിൽ പ്രതി സ്വകാര്യ ബസ്സ്റ്റാൻഡ് പരിസരത്ത് ഉള്ളതായി വ്യക്തമായി. തുടർന്ന് ഒരു സംഘം സിസിടിവി പരിശോധനയ്ക്കായി പോയി. രണ്ടാം സംഘം നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിൽ കാർഡ്ബോർഡ് വിരിച്ച് കിടന്നുറങ്ങുകയായിരുന്ന പ്രതിയെ കയ്യോടെ പൊക്കിയത്.