പത്തനംതിട്ട : കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും പ്രധാന സംഭാവനകളിലൊന്നാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം, നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം, എക്‌സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിലും രോഗനിര്‍മാര്‍ജനത്തിലും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. 5417 കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി 2023ല്‍ ഉദ്ഘാടനം ചെയ്തത്. റാന്നിയിലെ വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
പെരുനാട് കുടുംബാരോഗ്യകേന്ദത്തില്‍ നിലവില്‍ കിടത്തി ചികിത്സ ലഭ്യമാണ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37.5 ലക്ഷം രൂപ ചെലവഴിച്ച് ഒപി കെട്ടിടം നവീകരിച്ചു. സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 2.25 കോടി രൂപ മുടക്കിയാണ് പുതിയ ഐ പി കെട്ടിടം നിര്‍മിക്കുന്നത്. 5100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ലോറില്‍ പാര്‍ക്കിംഗ് ഏരിയ സ്റ്റോറേജ് റൂം സെക്യൂരിറ്റി റൂം എന്നിവയും ഒന്നാം നിലയില്‍ സ്ത്രീ - പുരുഷ വാര്‍ഡ്, ടോയ്‌ലറ്റ്, എമര്‍ജന്‍സി റൂം, ഡ്യൂട്ടി ഡോക്ടേഴ്‌സ് റൂം, സ്റ്റാഫ് ഡ്രസ്സ് ചെയ്ഞ്ചിങ് റൂം, റിസപ്ഷന്‍ റൂം, സ്റ്റെയര്‍, ഭാവിയില്‍ ലിഫ്റ്റിനുള്ള സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കും ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിലൂടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, വൈസ് പ്രസിഡന്റ് ഡി ശ്രീകല, ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം എസ് ശ്യാംമോഹന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി എസ് സുകുമാരന്‍, വാര്‍ഡ് അംഗങ്ങളായ റ്റി എസ് ശാരി, ടി ആര്‍ രാജം, എച്ച് എം സി അംഗങ്ങള്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.