ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 35 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ ഫരീദാബാദിലായിരുന്നു സംഭവം. പങ്കജ് എന്നയാൾ ട്രൈസെപ്സ് എക്സ്റ്റൻഷൻ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം മൂലം നിലത്ത് വീഴുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാവിലെ 10 മണിക്ക് ജിം സെന്ററിൽ എത്തിയ പങ്കജ് വർക് ഔട്ടിന് മുമ്പ് ഒരു കപ്പ് കാപ്പികുടിക്കാറുണ്ട്. ശേഷം വിവിധ എക്സർസൈസുകൾ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് പങ്കജ് കുഴഞ്ഞുവീണത്.
ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി മുഖത്ത് വെള്ളം തളിച്ചു. ശേഷം, അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തെ ജിമ്മിലേക്ക് എത്തിച്ചു. എന്നാൽ പങ്കജ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പങ്കജ് ഹെവി വർകൗട്ടുകളൊന്നും ചെയ്യാറുണ്ടായിരുന്നില്ലെന്ന് ട്രെയിനർ പുനീത് പറഞ്ഞു.