
വർക്കല: വർക്കലയ്ക്ക് സമീപം മകനുമായി വഴക്കിട്ട് കിണറ്റില്‍ ചാടിയ സ്ത്രീയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.ഇടവ മാന്തറ അർച്ചന നിവാസില്‍ പ്രശോഭന(63)യെയാണ് രക്ഷിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകനുമായി വഴക്കിട്ട് കിണറ്റില്‍ ചാടിയെന്നാണ് വിവരം.
വീടിനു തൊട്ടുചേർന്ന പറമ്ബിലെ കിണറ്റിലാണ് ഇവരെ കണ്ടത്. 60 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 40 അടിയോളം വെള്ളവും ഉണ്ടായിരുന്നു. പുലർച്ചെയാണ് പ്രശോഭന കിണറ്റില്‍ അകപ്പെട്ടതെന്ന് സംശയിക്കുന്നു. കിണറിനുള്ളില്‍ നിന്നുള്ള നിലവിളി കേട്ടാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്.
കിണറിലെ മോട്ടോറിൻ്റെ പൈപ്പില്‍ പിടിച്ച് വശത്ത് ചവിട്ടിനില്ക്കുന്ന നിലയിലാണ് പ്രശോഭനയെ കണ്ടത്. പിന്നാലെ നാട്ടുകാരായ രണ്ടുപേർ കിണറ്റിലിറങ്ങി പ്രശോഭന താഴ്ന്നുപോകാതെ താങ്ങിനിർത്തി. ഇതിന് പിന്നാലെ വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി റോപ്പും നെറ്റും ഉപയോഗിച്ച് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.