
കൊച്ചി: ആരോപണങ്ങളില്‍ രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തനിക്കെതിരെ പരാതി വന്നാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കും എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആരോപണത്തില്‍ ഹൂ കെയേര്‍സ് പ്രതികരണത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു.
കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യുവ നടി തന്റെ അടുത്ത സുഹൃത്താണ്. അവര്‍ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും തന്റെ പേര് പറഞ്ഞിട്ടില്ല. തന്നെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോഴും അടുത്ത സുഹൃത്താണ്. തന്റെ പേര് ഗൗരവതരമായി ആരും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിച്ചു.
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത കാലമല്ലല്ലോ. ആരും പരാതി പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു എംഎല്‍എയുടെ മറുപടി. പുറത്തുവന്ന ഓഡിയോയുടെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ മറുപടി.
'നിയമസംവിധാനത്തിന് വിരുദ്ധമായി എന്റെ ഭാഗത്ത് നിന്നും ഒരു പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല. പരാതി ആര്‍ക്കെതിരെയും കൊടുക്കാം. പരാതി ചമയ്ക്കുകയും ചെയ്യാം. പരാതി നല്‍കിയാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കാം', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
നടി പരാതിപ്പെട്ട മുകേഷ് എംഎല്‍എക്കെതിരെയും ശബ്ദസംഭാഷണം പുറത്തുവന്ന എ കെ ശശിക്കെതിരെയും മാധ്യമങ്ങളുടെ വ്യഗ്രത കണ്ടില്ലല്ലോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായ സമയമാണിത്. പരാതിയില്ലാത്താ ഗര്‍ഭച്ഛദ്രത്തെക്കുറിച്ച് പറയുമ്പോള്‍ കത്ത് വിവാദം അടക്കം സിപിഐഎമ്മിനകത്തെ അന്തച്ഛിദ്രത്തെക്കുറിച്ച് എന്താണ് ചര്‍ച്ച ചെയ്യാത്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.