+

മീനാങ്കൽ കുമാറടക്കമുള്ള നൂറോളം സിപിഐ പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

എഐടിയുസി ജില്ലാ ജോ.സെക്രട്ടറി വട്ടിയൂർക്കാവ് ബി ജയകുമാർ, സംസ്ഥാന ജോയിന്റ് കൗൺസിൽ അംഗം

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിന്റെ നേതൃത്വത്തിൽ നൂറോളം സിപിഐ പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. സിപിഐ അംഗത്വം രാജിവെച്ച ശേഷം കെപിസിസി ആസ്ഥാനത്തെത്തിയ മീനാങ്കൽ കുമാറിനെയും പ്രവർത്തകരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചു.

സിപിഐ രാഷ്ട്രീയപരമായി എൽഡിഎഫിൽ കൂടുതൽ ഒറ്റപ്പെടുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും വരും ദിവസങ്ങളിൽ കൂടതൽ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിപിഐ വിട്ട് കോൺഗ്രസിൽ ചേരുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തിനും ഭീഷണിക്കും വഴങ്ങി സിപിഐയ്ക്ക് അവരുടെ നിലപാടുകൾ പോലും വിഴുങ്ങേണ്ട അവസ്ഥയാണ്. അത്തരമൊരു അവസ്ഥയിൽ മീനാങ്കൽ കുമാറും സഹപ്രവർത്തകരും സിപിഐ വിട്ടത് ഏറെ സന്തോഷകരമാണ്. 

കമ്യൂണിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിച്ച് വരുന്ന മുഴുവൻ നേതാക്കളെയും പ്രവർത്തകരേയും കോൺഗ്രസ് സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുന്ന ജനകീയ പൊതുപ്രവർത്തകനായ മീനാങ്കൽ കുമാറിന്റെയും സഹപ്രവർത്തകരുടെയും പ്രവേശനം തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന് കൂടുതൽ കരുത്ത് പകരും. ഇതൊരു തുടക്കം മാത്രമാണ്. ഇതിന്റെ തുടർ ചലനങ്ങളുണ്ടാകും. അദ്ദേഹം കൂട്ടിച്ചേർത്തു.

എഐടിയുസി ജില്ലാ ജോ.സെക്രട്ടറി വട്ടിയൂർക്കാവ് ബി ജയകുമാർ, സംസ്ഥാന ജോയിന്റ് കൗൺസിൽ അംഗം ബിനു സുഗതൻ,അരുവിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കളത്തറ വാർഡ് മെമ്പറുമായ മധു കളത്തറ, സിപിഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി പുളുന്തുരുത്തി ഗോപൻ,റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മീനാങ്കൽ സന്തോഷ്,സിപിഐ വർക്കല മുൻ മണ്ഡലം കമ്മിറ്റി അംഗം ബിജു വർക്കല തുടങ്ങിയവരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു.

ബിജെപിയുടെ വർഗീയ ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിന് മാത്രമെ സാധിക്കൂവെന്ന് മീനാങ്കൽ കുമാർ പറഞ്ഞു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ സിപിഐ കേരളത്തിൽ വ്യത്യസ്ത മുന്നണിയുടെ ഭാഗമാകുന്ന സംവിധാനം മാറണമെന്നാണ് ഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും മീനാങ്കൽ കുമാർ വ്യക്തമാക്കി. സിപിഎമ്മിന്റെ ചവിട്ടും തൊഴിയുമേറ്റ് സിപിഐ എൽഡിഎഫിൽ തുടരാതെ യുഡിഎഫിന്റെ ഭാഗമാകണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു.

facebook twitter