ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍

02:02 PM Feb 04, 2025 | Litty Peter

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ കോടതിയിൽ പറഞ്ഞത്. ഇതോടെ പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. 

അതേസമയം അരുംകൊലയിലേക്ക് പ്രതിയെ നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയെന്നും പരസ്ത്രീ ബന്ധം സഹോദരി വിലക്കിയത് ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹരികുമാറിന്റെ മൊഴിയില്‍ സ്ഥിരതയില്ല. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അല്ല പ്രതി പിന്നീട് പറയുന്നത്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് പ്രതി പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി ഹരികുമാര്‍ സമ്മതിച്ചതായും എസ്പി പറഞ്ഞു. ഉടൻ മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും.