+

മോഹന്‍ലാല്‍ എന്ന നടനെ വേണ്ട വിധത്തില്‍ ആ സിനിമയില്‍ ഉപയോഗിച്ചില്ല ; ഷീലു എബ്രഹാം

നല്ല ഓഫര്‍ ആയിരുന്നു, മോഹന്‍ലാല്‍ എന്ന നടനെ വെച്ചൊരു സിനിമ ചെയ്യുന്നത്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഉണ്ട്.

മോഹന്‍ലാലിനെ നായകനാക്കി എടുത്ത കനല്‍ സിനിമയെ കുറിച്ച് വെളിപ്പെടുത്തി നിര്‍മ്മാതാവ് ഷീലു എബ്രഹാം. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം 2015ലാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററുകളില്‍ ലഭിച്ചത്. കനല്‍ പരാജയപ്പെടാന്‍ കാരണം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്‌സാണെന്ന് തുറന്നുപറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഷീലു എബ്രഹാം. ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത ക്ലൈമാക്‌സ് ആയിരുന്നു ചിത്രത്തിന്റേതെന്നും, അതുപോലെ മോഹന്‍ലാല്‍ എന്ന നടനെ വേണ്ട വിധത്തില്‍ സിനിമയില്‍ ഉപയോഗിച്ചില്ലെന്നും ഷീലു എബ്രഹാം പറഞ്ഞത്.

'ഷീ ടാക്‌സി എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്താണ് 'കനല്‍' സിനിമ ചെയ്യാന്‍ അവസരം വരുന്നത്. മോഹന്‍ലാല്‍ ആണ് അതില്‍ നായകന്‍. അപ്പോള്‍ വേറെ ഒന്നും ചിന്തിച്ചില്ല. സിനിമയുടെ മുടക്കുമുതല്‍ തിരിച്ചു കിട്ടും, തിയേറ്ററില്‍ ചിത്രം നന്നായി ഓടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് അത്യാവശ്യം ബജറ്റ് കൂടിയ പടമാണ്. അഞ്ചര കോടിയോളം സിനിമയ്ക്ക് അന്ന് ആയിട്ടുണ്ട്. ആ സിനിമ ചെയ്താല്‍ അത്യാവശ്യം പൈസ തിരിച്ച് വരും എന്ന ചിന്ത ഉണ്ടായിരുന്നു. നല്ല ഓഫര്‍ ആയിരുന്നു, മോഹന്‍ലാല്‍ എന്ന നടനെ വെച്ചൊരു സിനിമ ചെയ്യുന്നത്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഉണ്ട്.

അബാം മൂവി എന്നൊരു ബാനര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നല്ല സിനിമകള്‍ നിര്‍മിക്കണം. പൈസ പോകുന്നതിന് അനുസരിച്ച് നമ്മള്‍ ആ ബാനറിന്റെ പേര് കൂടെ നിലനിര്‍ത്തണമല്ലോ. ഷീ ടാക്‌സി ചെയ്തതോടു കൂടി ആളുകള്‍ നമ്മുടെ ബാനറിനെ അറിഞ്ഞു തുടങ്ങിയിരുന്നു. കനല്‍ സിനിമ ഞങ്ങള്‍ക്ക് ലോസ് അല്ലായിരുന്നു ബ്രേക്ക് ഇവന്‍ ആയിരുന്നു. തിയേറ്ററില്‍ സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല. മോഹന്‍ലാല്‍ ആയതു കൊണ്ടുള്ള മെച്ചം ഉണ്ടായിരുന്നു. ആ സിനിമയുടെ കഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത ക്ലൈമാക്‌സ്, അതുപോലെ മോഹന്‍ലാല്‍ എന്ന നടനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല. അതിന്റേതായ എല്ലാ പ്രശ്‌നങ്ങളും ആ സിനിമയ്ക്ക് ഉണ്ടായതായി പ്രേക്ഷകര്‍ പറഞ്ഞിരുന്നു,' ഷീലു എബ്രഹാം പറഞ്ഞു.
 

facebook twitter