സീനിയര്‍ അഭിഭാഷകന് തല്ലി ചതയ്ക്കാനുള്ളവരല്ല ജൂനിയര്‍ അഭിഭാഷകര്‍, വൃത്തികെട്ടവനെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്യരുതെന്ന് പറയുന്ന സംഘടനകള്‍ ഉളള കാലമാണെന്ന് അഡ്വ. വിമല ബിനു

11:32 AM May 14, 2025 |


കൊച്ചി: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനു. സീനിയര്‍ അഭിഭാഷകനായ ബെയ്ലിനാണ് മാപ് സ്റ്റിക് കൊണ്ട് ശ്യാമിലിയെ മര്‍ദ്ദിച്ചത്. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫിസില്‍വെച്ചായിരുന്നു സംഭവം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും പരാതിക്കാരി പറയുകയുണ്ടായി.

ഒരു സീനിയര്‍ അഭിഭാഷകന് ഏതു കുറ്റത്തിന്റെ പേരിലായാലും ഇങ്ങനെ തല്ലിച്ചതക്കാനുള്ളതല്ല ജൂനിയര്‍ അഭിഭാഷകര്‍ എന്നാണ് അഡ്വ. വിമല ബിനുവിന്റെ പ്രതികരണം. ജൂനിയര്‍ അഭിഭാഷകരുടെ ഗതികേടുകള്‍ അല്പമെങ്കിലും മാറി എന്നു ഞാന്‍ ചിന്തിച്ചിരുന്നു. മോശമായി പെരുമാറിയിട്ടും വീണ്ടും ആ അഭിഭാഷകന്റെ ഓഫീസില്‍ ഈ അഭിഭാഷകക്ക് ജോലിക്ക് പോകേണ്ടി വന്നത്രെ. ശരിയായ ശമ്പളം കൊടുക്കാതെ കൂടുതല്‍ പണിയെടുപ്പിച്ചു.

Trending :

ഒരു കേസ് പോലും വാദിക്കാന്‍ കൊടുത്തില്ല. പാസ് ഓവര്‍ മാത്രം പറഞ്ഞു. എടുത്ത പണിക്കുള്ള കൂലി പോലും വാങ്ങാന്‍ കഴിയാത്ത ഒരു സമൂഹമാണ് ജൂനിയര്‍ അഭിഭാഷകര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്വന്തമായി കേസുകള്‍ എടുക്കാന്‍ പോലും പല ഓഫീസുകളിലും സമ്മതിക്കത്തില്ല.

ഒരുപാട് ആവേശത്തോടെ ഇഷ്ടത്തോടെ പഠിച്ചു വക്കീല്‍ കുപ്പായമിട്ടതിനാല്‍ മുന്നോട്ടു നിലയില്ലാക്കയത്തില്‍ തുഴയേണ്ടി വരുന്നവരാണ് അഭിഭാഷകര്‍. പല സീനിയര്‍ ഓഫീസുകളിലും തുച്ഛമായ വേതനം പോലുമില്ല.

തന്റെ അതേ പ്രായക്കാര്‍ നല്ല ശമ്പളം വാങ്ങുമ്പോള്‍ പുതിയൊരു കോട്ടും ഗൗണും വാങ്ങാന്‍ പോലും പണമില്ലാതെ വീട്ടില്‍ കൈ നീട്ടേണ്ടി വരുന്നവര്‍. ഏതു അഭിഭാഷനായാലും എന്തിന്റെ പേരിലായാലും ഇത്തരക്കാരെ നിയമത്തിന്റെ വഴികള്‍ പഠിപ്പിക്കുക തന്നെ വേണം.

ഈ അഭിഭാഷകക്ക് നീതി ലഭിക്കാതെ പോകരുത്. സ്ത്രീ സുരക്ഷയുടെ വിഷയത്തില്‍ ഇങ്ങനെയാണോ കേരളം പ്രതികരിക്കുന്നത്. എന്തിന്റെ പേരിലായാലും ഇത് ചെയ്ത വൃത്തികെട്ടവനെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്യരുതെന്ന് പറയുന്ന സംഘടനകള്‍ ഉളള കാലമാണ്. പോലീസ് ആര്‍ക്കാണ് സംരക്ഷണം നല്‍കുന്നത്?

നീതി നടപ്പാക്കുന്ന വഞ്ചിയൂര്‍ കോടതിവളപ്പില്‍ നടന്നതാണിത്. എന്ത് പ്രിവിലേജ് ആണ് ഈ ക്രിമിനല്‍ അഭിഭാഷകന് കിട്ടുന്നത്? വനിതാ ശിശു ക്ഷേമ വകുപ്പ് ആര്‍ക്കു വേണ്ടിയാണ്. ഒരു അഭിഭാഷകക്ക് പോലും നീതി നല്കാത്ത നാട്. ഒരു പെണ്‍കുട്ടിയെ ഈ പരുവത്തില്‍ ആക്രമിച്ച ക്രിമിനലിനെ ഇതുവരെ പിടിച്ചതായി അറിയില്ല.

വേട്ടക്കാര്‍ക്ക് സംരക്ഷണവും ഇരക്കു മാനഹാനിയും അപമാനവും. ഈ പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത് യുപിയിലും യുപിയും ബീഹാറിലുമല്ല. ഭരണകൂടങ്ങളും നീതിപീഠങ്ങളും കണ്ണു തുറക്കട്ടെ.