മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള 'ഗള്‍ഫ് മാധ്യമം' ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ റാങ്ക് പിന്‍വലിക്കാന്‍ ശബ്ദം ഉയരുന്നു എന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്.
'മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്'' എന്ന് ഓര്‍ഗനൈസര്‍ പറയുന്നു.
എമ്പുരാന്‍ വിവാദത്തിന് ശേഷമാണ് മോഹന്‍ലാലിന്റെ ഈ നടപടിയെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ നിലവില്‍ വെബ്സൈറ്റില്‍ നിന്നും ലേഖനം പിന്‍വലിച്ചിട്ടുണ്ട്. എമ്പുരാന്‍ റിലീസ് ചെയ്ത സമയത്തും ഓര്‍ഗനൈസര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് ലേഖനം പുറത്തിറക്കിയിരുന്നു.
ഇസ്ലാമിക ഭീകരതയെ അനുകമ്പയോടെ ചിത്രീകരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ഹൈന്ദവ പ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക ഭീകരതയുടെ മൂലകാരണമെന്നും ലഷ്‌കര്‍-ഇ-തയ്ബ പോലുള്ള ഭീകര സംഘടനകളെ അടിച്ചമര്‍ത്തപ്പെട്ടവരുടെ സങ്കേതങ്ങളായും സിനിമ ചിത്രീകരിക്കുന്നുവെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തിയിരുന്നു.