മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) ചെയർമാനായി നിയമിച്ചു. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നിയമനം. പ്രീതി സുദന്റെ കാലാവധി ഏപ്രിൽ 29 ന് പൂർത്തിയായതിനെത്തുടർന്ന് യു.പി.എസ്.സി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. പ്രസിഡന്റ് ദ്രൗപതി മുർമു കുമാറിന്റെ നിയമനം അംഗീകരിച്ചു.
1985 ബാച്ചിലെ കേരള കേഡറിലെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ കുമാർ, 2019 ആഗസ്റ്റ് 23 മുതൽ 2022 ഒക്ടോബർ 31 വരെ പ്രതിരോധ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, അഗ്നിവീർ പദ്ധതി, ആത്മനിർഭർ ഭാരത് സംരംഭങ്ങൾ, ഓർഡനൻസ് ഫാക്ടറികളുടെ കോർപ്പറേറ്റ്വൽക്കരണം തുടങ്ങിയ പരിഷ്കാരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ, യു.പി.ഐ, ആധാർ, മൈഗവ്, ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സ് തുടങ്ങിയ ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2012 ലെ ദേശീയ ഇലക്ട്രോണിക്സ് നയത്തിനും അദ്ദേഹം രൂപം നൽകി.
ബി.ജെ.പി, കോൺഗ്രസ്, ഇടതുപക്ഷം എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാറുകളിൽ അജയ് കുമാർ പ്രവർത്തിച്ചു. കെൽട്രോണിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, എം.ഡി എന്നീ നിലകളിൽ ഉൾപ്പെടെ കേന്ദ്ര സർക്കാറിലും കേരള സർക്കാറിലും നിർണായക സ്ഥാനങ്ങൾ വഹിച്ചു.
ഐ.എ.എസ്, ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) എന്നിവയിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി സിവിൽ സർവീസ് പരീക്ഷകൾ നടത്തുന്ന യു.പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. പരമാവധി 10 അംഗങ്ങൾ വരെ കമീഷനിൽ ഉൾപ്പെടാം. നിലവിൽ കമീഷനിൽ രണ്ട് അംഗങ്ങളുടെ ഒഴിവുണ്ട്.