+

കണ്ണൂർ മലപ്പട്ടത്ത് സി.പി.എം - യൂത്ത് കോൺഗ്രസ് സംഘർഷം, കല്ലേറും പോർവിളിയും ; കെ. സുധാകരനും രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്ത പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ്

പാർട്ടി ഗ്രാമമായമലപ്പട്ടത്ത് സി.പി.എം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.

കണ്ണൂർ : പാർട്ടി ഗ്രാമമായമലപ്പട്ടത്ത് സി.പി.എം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.

സി.പി.എം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിലാണ് സംഘർഷമുണ്ടായത്.പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷം തുടരുകയായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസായ എ. കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് മുൻപിലാണ് സംഘർഷമുണ്ടായത്. ബുധനാഴ്ച്ച വൈകിട്ട് ആറിന് പ്രവർത്തകർ പരസ്പരം കുപ്പിയേറ് നടത്തി. സമാപന സമ്മേളനം ഉദ്ഘാടനത്തിനെത്തിയ കെ.സുധാകരൻ എം.പിയും ജാഥാ ലീഡർ രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുന്ന വേദിക്ക് നേരെയും കല്ലേറ് നടന്നുവെന്ന ആരോപണമുണ്ട്.

പൊലീസ് ഇടപെട്ടാണ് വലിയ സംഘർഷം ഒഴിവാക്കിയത്. കഴിഞ്ഞയാഴ്ച കോൺഗ്രസിൻറെ ഗാന്ധിസ്തൂപം തകർത്തതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ നേതൃത്വത്തിൽ മെയ് 14 ന് കാൽനട ജാഥയും സമ്മേളനവും നടത്തിയത്. ജാഥയ്ക്കിടെയും പിന്നീട് സമ്മേളനത്തിന് ശേഷവും വ്യാപക സംഘർഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

തങ്ങൾ നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്ക് നേരെ സി.പി.എം പ്രവർത്തകരാണ് അക്രമം കാട്ടിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പിരിഞ്ഞുപോകാനാണ് പൊലീസ് എ.സി.പി ആവശ്യപ്പെട്ടത്. സി.പി.എമ്മുകാർ അക്രമം കാട്ടുന്നതിന് യൂത്ത് കോൺഗ്രസുകാർ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, മന:പൂർവം സംഘർഷമുണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചതെന്ന് സി.പി.എം ആരോപിച്ചു. ഓഫിസ് പൊളിക്കുമെന്ന് മുദ്രാവാക്യം വിളിച്ച്‌ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നും സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു.

സി.പി.എമ്മിൻറെ ശക്തികേന്ദ്രമായ മലപ്പട്ടത്ത് ഏറെ നാളായി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് തളിപ്പറമ്പ്നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട് ആക്രമിക്കുകയും കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് കാൽനട പ്രചരണ ജാഥ നടത്തിയത്. സി.പി.എം മൃഗീയ ഭൂരിപക്ഷത്തിൽ പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് മലപ്പട്ടം.

Trending :
facebook twitter