ശ്രീനഗർ: ജമ്മു-കശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. അതിർത്തി കടന്നുള്ള പാകിസ്താൻ ഷെല്ലാക്രമണം മൂലമുണ്ടായ സാധാരണക്കാരുടെ മരണങ്ങളിൽ ദേശീയ ശ്രദ്ധ കുറയുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഹൽഗാമിൽ കൊല്ലപ്പെട്ടത് 26 നിരപരാധികളായ സാധാരണക്കാരാണ്. അതേസമയം, പാകിസ്താൻ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ മരിച്ച കശ്മീരികളെക്കുറിച്ച് രാജ്യം വേണ്ടത്ര സംസാരിക്കാത്തതിൽ നിരാശ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മതപരമായ വ്യത്യാസങ്ങൾക്കപ്പുറം എല്ലാ ജില്ലകളിലും സിവിലിയന്മാർക്കും സൈനികർക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. രജൗരിയിലും പൂഞ്ചിലും ഉറിയിലും ബാരാമുള്ളയിലും നമ്മുടെ സിവിലിയന്മാർ കൊല്ലപ്പെട്ടു. മുസ്ലിംകളെയും ഹിന്ദുക്കളെയും സിഖുകാരെയും നഷ്ടമായി. സാധാരണക്കാരെയും സൈനികരെയും നഷ്ടപ്പെട്ടു. ഗുരുദ്വാരകളും ക്ഷേത്രങ്ങളും പൂഞ്ചിലെ മദ്റസകളും ഷെല്ലാക്രമണത്തിൽ തകർന്നതായും അദ്ദേഹം പറഞ്ഞു.
പഹൽഗാമിനെക്കുറിച്ചും ഇന്ത്യയുടെ തിരിച്ചടിയുടെ അനന്തരഫലങ്ങളെക്കുറിച്ചും പകുതി കഥകൾ മാത്രമേ പുറത്തു വരുന്നുള്ളൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൂഞ്ച് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇരട്ടകളായ സോയയെയും അയാൻ ഖാനെയും കുറിച്ച് എന്താണ് പറയുന്നത്. കശ്മീരിൽ മരിച്ച സ്ത്രീയെക്കുറിച്ച് എന്താണ് പറയുന്നത്, റംബാനിലെ വീട്ടിൽ മരിച്ച എന്റെ അഡീഷനൽ ജില്ലാ വികസന കമ്മീഷണറുടെ കാര്യമോ? നിർഭാഗ്യവശാൽ ഈ കഥകൾ ആരും പറയുന്നില്ല’, ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.