+

അക്രമകാരികളായ നായകളെ നിരോധിക്കണമെന്ന ഹരജി ; ഡൽഹി സർക്കാറിൻറെയും കേന്ദ്രത്തിൻറെയും പ്രതികരണം തേടി ഡൽഹി ഹൈകോടതി

അക്രമകാരികളായ നായകളെ നിരോധിക്കണമെന്ന ഹരജി ; ഡൽഹി സർക്കാറിൻറെയും കേന്ദ്രത്തിൻറെയും പ്രതികരണം തേടി ഡൽഹി ഹൈകോടതി

ഡൽഹി: ആറ് വയസുക്കാരനെ പിറ്റ്ബുൾ ആക്രമിച്ചതിന് പിന്നാലെ അക്രമകാരികളായ നായകളെ നിരോധിക്കണമെന്ന ഹരജിയിൽ ഡൽഹി സർക്കാറിൻറെയും കേന്ദ്രത്തിൻറെയും പ്രതികരണം തേടി ഡൽഹി ഹൈകോടതി. അക്രമകാരികളായ നായ ഇനങ്ങളുടെ ഇറക്കുമതി, വ്യാപാരം, വിൽപ്പന, പ്രജനനം, വളർത്തൽ എന്നിവ നിരോധിക്കണമെന്ന ഹരജിയിൽ ചൊവ്വാഴ്ച കേന്ദ്ര-ഡൽഹി സർക്കാറിനും ഡൽഹി പൊലിസിനും മുനിസിപ്പൽ കോർപറേഷനും നോട്ടീസ് അയച്ചു.

pitbull

നവംബർ 23നാണ് ഹരജിക്ക് ആസ്പദമായ സംഭവം നടന്നത്. കളിച്ചുകൊണ്ടിരുന്ന ആറ് വയസുക്കാരനെ പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ചെവികടിച്ച് പറിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയതായി ഹരജിയിൽ പറയുന്നു.

സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇത്തരത്തിലുളള ആക്രമണകാരികളായ നായ്ക്കളെ നിരോധിക്കണമെന്നും ഹരജിയിൽ ഉന്നയിച്ചു. കുട്ടിയെ ഗുരുതരമായി ആക്രമിച്ച നായയുടെ ഉടമക്കും ജസ്റ്റിസ് സച്ചിൻ ദത്ത നോട്ടീസ് അയച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസിൽ എഫ്.ഐ.ആർ നടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കാനും പൊലിസിന് നിർദേശം നൽകി.

മുൻകരുതലില്ലാതെ നായയെ വിട്ടയക്കാൻ പാടില്ലെന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെയും കുട്ടികളെയും മുതിർന്നവരെയും മറ്റ് മൃഗങ്ങളെയും ഈ നായ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുളളതിനാൽ പിറ്റ്ബുളളിനും അതിൻറെ ഉടമക്കുമെതിരെ സമയബന്ധിതമായി നടപടി എടുക്കാത്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

facebook twitter