അഹമ്മദാബാദ് വിമാനാപകടം: പൈലറ്റുമാരെ പഴിചാരുന്ന വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രമന്ത്രി

08:57 AM Jul 21, 2025 | Suchithra Sivadas

അഹമ്മദാബാദ് വിമാനാപകടത്തില്‍ പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വിമാന ദുരന്തത്തില്‍ പൈലറ്റുമാരെ പഴിചാരുന്ന റിപ്പോര്‍ട്ടുകള്‍ തളളുകയാണെന്ന് മന്ത്രി പറഞ്ഞു. എഎഐബി (എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ) റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് നിഗമനങ്ങളില്‍ എത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് മന്ത്രി പറഞ്ഞു.
'എഎഐബിയില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്യുന്നതില്‍ ഇന്ത്യയില്‍ തന്നെ എഎഐബി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുന്നത് നല്ലതല്ലയെന്നും' അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച പുറത്ത് വന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍
ഏത് പൈലറ്റാണ് ഇത് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. ഒരു പൈലറ്റ് എന്തിനാണ് സ്വിച്ച് മാറ്റിയതെന്ന് ചോദിച്ചുവെന്നും മറ്റൊരാള്‍ അത് നിഷേധിച്ചെന്നുമാണ് എഎഐബിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ജൂണ്‍ പന്ത്രണ്ടിനാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു.