ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഫ്യുവൽസ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്തത് ക്യാപ്റ്റനാണെന്നുമുള്ള സൂചന നൽകി യുഎസ് മാധ്യമം. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ലഭ്യമായ തെളിവുകൾ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് അമേരിക്കൻ മാധ്യമമായ 'വാൾസ്ട്രീറ്റ് ജേണൽ' ഇത്തരമൊരു റിപ്പോർട്ട് നൽകിയത്.
എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് കോക്പിറ്റിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച് നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സഭർവാളിനോടാണ് എന്തിനാണ് ഫ്യുവൽസ്വിച്ചുകൾ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്.
15,638 മണിക്കൂർ വിമാനം പറത്തി പ്രവൃത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റൻ സുമീത് സഭർവാൾ. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3,403 മണിക്കൂർ വിമാനം പറത്തിയ പരിചയവുമുണ്ട്. വിമാനം റൺവേയിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ കൂടുതൽ പ്രവൃത്തിപരിചയമുള്ള വിമാനത്തിലെ ക്യാപ്റ്റനോട് ഫസ്റ്റ് ഓഫീസറാണ് എന്തുകൊണ്ടാണ് താങ്കൾ ഫ്യുവൽ സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സംബന്ധിച്ച് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി) എയർഇന്ത്യ, പൈലറ്റുമാരുടെ രണ്ട് സംഘടനകൾ എന്നിവരോട് പ്രതികരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വാർത്താഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കാൻ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിലുണ്ട്.
ജൂൺ 12-ന് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് യാത്രക്കാരടക്കം 260 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളുമടക്കം 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നു.