ബഹ്റൈനില്‍ കെട്ടിട നിര്‍മാണ മേഖലയിലെ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ

01:52 PM Aug 28, 2025 | Suchithra Sivadas

ബഹ്റൈനില്‍ കെട്ടിട നിര്‍മാണ മേഖലയിലെ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ സാങ്കേതിക വിദ്യയുമായി സര്‍വെ ആന്റ് ലാന്റ് രജിസ്ട്രേഷന്‍ അതോറിറ്റി. ആഗോള കമ്പനിയായ അയ്റ്റോക്സിയുമായി ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ അതോറിറ്റി ഒപ്പുവച്ചു. കൂടുതല്‍ സര്‍ക്കാര്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സാങ്കേതിക വിദ്യ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ലംഘനങ്ങളും മാറ്റങ്ങളും എളുപ്പത്തില്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ഈ വര്‍ഷം ആദ്യം എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിരുന്നു. രണ്ടാം ഘട്ട പദ്ധതിയിലാണ് കെട്ടിട നിര്‍മാണ മേഖലയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍സിപ്പാലിറ്റി കാര്യങ്ങള്‍, കൃഷി മന്ത്രാലയം എന്നിവയുമായി ഏകേപിച്ച് നടത്തിയ ആദ്യഘട്ടം 60 ശതമാനത്തിലധികം ഫലപ്രദമായെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുളള ഏകോപനം മെച്ചപ്പെടുത്താനും എ ഐ സാങ്കേതിക വിദ്യയിലൂടെ കഴിയും. പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കല്‍, കൃത്യമായ വിവര ശേഖരണം, വേഗത്തിലുളള തീരുമാനമെടുക്കല്‍ എന്നിവയെല്ലാം പുതിയ സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്.

Trending :