കണ്ണൂർ കോർപറേഷൻ പരിധിയിലെ എയ്ഡഡ് സ്കൂളിൽ ഓണാഘോഷത്തിന് പെൺകുട്ടികൾ സാരിയുടുത്ത് വരുന്നതിന് വിലക്ക്

03:44 PM Aug 28, 2025 |


കണ്ണൂർ : കണ്ണൂർ കോർപറേഷൻ പരിധിയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി സാരി , ദാവണി എന്നിവയുടുത്ത് വരുന്നത് പ്രിൻസിപ്പാൾ വിലക്കിയതായി പരാതി. ഈ രീതിയിൽ വരുന്ന വിദ്യാർത്ഥിനികളെ വിലക്കണമെന്ന് പ്രിൻസിപ്പാൾ നേരിട്ട് രക്ഷിതാക്കളെ വിളിച്ചു അറിയിച്ചിട്ടുണ്ട്. കോർപറേഷൻ പരിധിയിലെ മുസ്ലിം മാനേജ്മെൻ്റിന് കീഴിലുള്ള സ്കൂളിലാണ് മാനേജ്മെൻ്റിൻ്റെ അറിവോടെ ഈ മാസം 29ന് നടക്കേണ്ട ഓണാഘോഷത്തിൻ്റെ ഭാഗമായി വിലക്ക് ഏർപെടുത്തിയത്. 

ഇതുകൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം തന്നെ വേണ്ടെന്ന നിലപാടിലാണ് സ്കൂൾ മാനേജ്മെൻ്റ്. ഇതുകാരണം വിദ്യാർത്ഥികൾ നിരാശരാണ്. താണ്ഡവം വിളയാട്ടം, ഒന്നോണം, തുടങ്ങി പല പേരുകളിലാണ് ന്യൂജനറേഷൻ സ്കൂളുകളിൽ പൂക്കളമൊരുക്കിയും ഓണ സദ്യ ഒന്നിച്ചിരുന്ന് കഴിച്ചും മുഴുവൻ മലയാളികളുടെയും ദേശീയോത്സവമായ ഓണം ആഘോഷിക്കുന്നത്. എന്നാൽ ഇക്കുറി ഈ സ്കൂളിൽ ഓണ സദ്യയും ഒഴിവാക്കാൻ അണിയറ നീക്കം പ്രിൻസിപ്പാളും മാനേജ്മെൻ്റ് പ്രതിനിധികളും നടത്തുന്നുണ്ട്
. ഇതിൻ്റെ ഭാഗമായി ആദ്യം ഒരു കുട്ടിയിൽ നിന്നും  350 രൂപ പിരിവെടുത്ത് കാറ്ററിങ് ഏജൻസിയെ ഏൽപ്പിച്ച് അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഓണ സദ്യ കൊടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം മലക്കംമറിയുകയായിരുന്നു. 

കുട്ടികൾ വീട്ടിൽ നിന്നും വാഴയിലയും മറ്റു വിഭവങ്ങളും കൊണ്ടുവരണമെന്നാണ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ കാര്യം പ്രായോഗികമല്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.ഓണാഘോഷം കലയ്ക്കുന്നതിനായി പ്രിൻസിപ്പാളിൻ്റെ നേതൃത്വത്തിൽ ഗൂഡ ശ്രമം നടത്തുന്നു വെന്ന പരാതി ഒരു വിഭാഗം രക്ഷിതാക്കൾ ഉയർത്തുന്നുണ്ട്. അധ്യാപകർക്കിടെയിലും ഈ കാര്യത്തിൽ പ്രതിഷേധമുണ്ട്. 

നേരത്തെ സർക്കാർ പ്രഖ്യാപിച്ച സുംബാ ഡാൻസ് കായികപദ്ധതിയും ഈ സ്കൂളിൽ അട്ടിമറിച്ചതിന് നേതൃത്വം നൽകിയത് ഈ സ്കൂൾ പ്രിൻസിപ്പാളിൻ്റെ നേതൃത്വത്തിലാണെന്ന ആരോപണമുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ മാനേജ്മെൻ്റ് പ്രവർത്തിക്കുന്നത്. മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ പാർട്ടി പ്രാദേശികനേതാക്കളും പ്രവർത്തകരുമാണ് എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്ന സ്കൂളിൽ പ്രത്യേക രീതിയിലുള്ള വിഭാഗീയത കുട്ടികൾക്കിടെയിൽ വളർത്താനാണ് പ്രിൻസിപ്പാളും മാനേജ്മെൻ്റും ശ്രമിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.