ന്യൂഡൽഹി : ബി.ജെ.പി രാജ്യസഭാംഗമായ സി.സദാനന്ദൻറെ നോമിനേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി. അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. സാമൂഹിക സേവനം എന്ന നിലയിൽ നോമിനേറ്റ് ചെയ്യാനാവില്ലെന്ന് ഹരജിയിൽ പറയുന്നു. കല,സാഹിത്യം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ രാജ്യത്തിന് സംഭാവന നൽകിയവരെയാണ് നോമിനേറ്റ് ചെയ്യാറുളളത്.
കഴിഞ്ഞമാസമാണ് സദാനന്ദൻ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. 1994ൽ സി.പി.എമ്മുമായുള്ള സംഘർഷത്തെ തുടർന്ന് സദാന്ദന്റെ കാലുകൾ നഷ്ടമായിരുന്നു. ബി.ജെ.പിക്ക് വേണ്ടി നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്.
ആർ.എസ്.എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു സദാനന്ദൻ. 2016 ൽ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായിരുന്നു. പ്രചാരണത്തിനായി മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിൻറെ ഇരകളുടെ പ്രതീകമാണ് സദാനന്ദനെന്ന് മോദി വിശേഷിപ്പിച്ചിരുന്നു.