ന്യൂഡല്‍ഹി: കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി പി.ടി ഉഷ എംപി. രാജ്യസഭയിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും നിര്‍ദേശിക്കപ്പെട്ട പദ്ധതിക്കായി തന്റെ പി.ടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ നിന്ന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയിരുന്നുവെന്നും പി.ടി ഉഷ സഭയില്‍ വ്യക്തമാക്കി.
കിനാലൂരിലെ കാലാവസ്ഥയും എയിംസിന് അനുയോജ്യമാണ്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കുമെന്നും പി.ടി ഉഷ രാജ്യ സഭയില്‍ പറഞ്ഞു.
കേന്ദ്രബജറ്റിൽ, സംസ്ഥാന സർക്കാർ ഉന്നയിച്ച 16 ആവശ്യങ്ങളിൽ ഒന്ന് എയിംസായിരുന്നു. എം.കെ. രാഘവൻ എം.പി.യും എയിംസിനായി ആവശ്യം സമർപ്പിച്ചിരുന്നു. എന്നാൽ ഒന്നും പരിഗണിക്കപ്പെട്ടില്ല. എയിംസ് അുവദിക്കുമെന്ന പ്രഖ്യാപനം വന്നയുടനെതന്നെ കേരളം കോഴിക്കോട് കിനാലൂരിൽ എയിംസിനുവേണ്ടി സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങൾ പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. കിനാലൂരിൽ കെ.എസ്.ഐ.ഡി.സി.യുടെ പക്കൽനിന്ന് ആരോഗ്യവകുപ്പിന് കൈമാറിയ 150 ഏക്കർ ഭൂമിക്ക് പുറമേ സ്വകാര്യവ്യക്തികളിൽനിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുത്തുമാണ് 250 ഏക്കർ ഭൂമി എയിംസിനായി മാറ്റിവെച്ചത്. ബജറ്റിന് മുൻപുതന്നെ ഇത്തവണ എയിംസിനെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയിലായിരുന്നു കേരളം.