മലപ്പുറം: നിലമ്പൂരിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാർ അറസ്റ്റിൽ. ഇക്കഴിഞ്ഞ ഡിസംബർ 26ന് വൈകുന്നേരം 6.40 ന് ആയിരുന്നു അപകം നടന്നത്. പൂക്കോട്ടുമ്പാടം മാമ്പറ്റ ചേരുംകുഴിയിൽ ഗോപാലനാണ് സ്കൂട്ടർ അപകടത്തിൽ പരിക്ക് പറ്റിയത്. തൃശൂർ സ്വദേശികളായ പടിഞ്ഞാറേതിൽ കൃഷ്ണ പ്രസാദ് (22), അരുൺ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ചന്തക്കുന്നിൽ നിന്ന് വരികയായിരുന്ന ഗോപാലന്റെ സ്കൂട്ടറിൽ അതേ ദിശയിൽ പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗോപാലനും സ്കൂട്ടറും റോഡിൽ വീണു. എന്നാൽ ഇടിച്ച ബൈക്ക് നിർത്താതെ പോവുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന ഒരു സ്കൂട്ടറിലെയും ബൈക്കിലെയും യാത്രക്കാരാണ് വാഹനങ്ങൾ നിർത്തി ഇറങ്ങി ഗോപാലനെ പിടിച്ചെഴുന്നേൽപ്പിച്ചു. റോഡിന്റെ മറുവശത്തുണ്ടായിരുന്നവരും അപ്പോഴേക്കും ഓടിയെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്നു തന്നെ പുറത്തു വന്നിരുന്നു.
കൃഷ്ണ പ്രസാദ് ആയിരുന്നു ഈ സമയം ബൈക്ക് ഓടിച്ചിരുന്നത്. സുഹൃത്തായ അരുൺ പിന്നിലിരിക്കുകയായിരുന്നു അപകടം. അപകടം നടന്ന ഉടനെ രണ്ട് പേരും ബൈക്കുമായി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും പരിസരത്തെ മൊബൈൽ ഫോൺ ടവറുകളിലെ വിവരങ്ങളും പരിശോധിച്ച് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെയും പിടികൂടിയത്.
റോഡ് അപകടങ്ങളുണ്ടായാൽ വാഹനം നിർത്തി പരിക്കേറ്റവരെ രക്ഷിക്കണമെന്നും വിവരം പൊലീസിൽ അറിയിക്കണമെന്നും പല തവണ അറിയിപ്പുകൾ നൽകിയിട്ടും ചെറുപ്പക്കാരായ ആളുകൾ പോലും അത് പാലിക്കാത്തതിന്റെ നിരവധി ഉദാഹരണങ്ങൾ അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം കേസുകളിൽ വാഹനങ്ങളും ഓടിച്ചവരെയും കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുകയാണ് ഇപ്പോൾ പൊലീസ്.