ന്യൂഡൽഹി: വിനോദത്തിനായി കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിലെ ദരിദ്രരെ കുറിച്ചുള്ള ചർച്ചകൾ വിരസമായി തോന്നാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയാണ് മോദി വിമർശനം ഉന്നയിച്ചത്.
നേരത്തെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ചേരി പ്രദേശമായ സീലാംപൂരിലാണ് ആദ്യ റാലി നടത്തിയത്. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ നയപ്രഖ്യാപന പ്രസംഗം വിരസമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ചിലർ ഇപ്പോൾ അർബൻ നക്സലുകളുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഇന്ത്യയെ വെല്ലുവിളിക്കുകയും അതിനെതിരെ പോരാട്ടം പ്രഖ്യാപിക്കുകയുമാണ് ചിലർ ചെയ്യുന്നത്. ഭരണഘടന അറിയാത്തവരാണ് ഇത്തരം ഭാഷയിൽ സംസാരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവീടുകളിലും കുടിവെള്ളം ഉറപ്പാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. എന്നാൽ, ആഡംബര കുളിയിലാണ് മറ്റു ചിലരുടെ ശ്രദ്ധയെന്ന് കെജ്രിവാളിനെ വിമർശിച് മോദി പറഞ്ഞു. വീണ്ടും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയാൻ അവസരം നൽകിയ ജനങ്ങളോട് നന്ദി പറയുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
വ്യാജ മുദ്രവാക്യം ഞങ്ങൾ മുന്നോട്ടുവെക്കാറില്ല. യഥാർഥ വികസനമാണ് ഞങ്ങൾക്ക് നൽകിയത്. ഗരീബി ഹഠാവേ മുദ്രാവാക്യത്തെയും മോദി പരിഹസിച്ചു. അഞ്ച് പതിറ്റാണ്ടോളം ഗരീബി ഹഠാവേ മുദ്രാവാക്യം കേട്ടു. എന്നാൽ, അത് യാഥാർഥ്യമായില്ല. ഞങ്ങൾ യുവാക്കൾക്കും ദരിദ്രർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.