ന്യൂഡൽഹി: അഞ്ച് വയസ്സുള്ള വിദ്യാർഥിനി സ്കൂൾ ബസിൽ വെച്ച് ലൈംഗിക പീഡനത്തിനിരയായി. ഡൽഹിയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയെ സ്കൂൾ ബസിനുള്ളിൽ വെച്ച് 12-ാം ക്ലാസ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സ്കൂൾ ബസിനുള്ളിൽ വെച്ച് ആരോപണ വിധേയനായ കുട്ടി രണ്ടുതവണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി കുടുംബം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സംഭവം നടന്നതെന്നും സെപ്റ്റംബറിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 75(2), പോക്സോ നിയമത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കേസിൽ ഇതുവരെ അറസ്റ്റോ, ചോദ്യം ചെയ്യലോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സെപ്റ്റംബർ 19ന് എഫ്.ഐ.ആർ ഫയൽ ചെയ്യുമ്പോൾ പെൺകുട്ടി ഭയം കാരണം ആക്രമിച്ചയാളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുറ്റാരോപിതനായ വിദ്യാർഥി വിദേശ പൗരനും രക്ഷിതാവ് ഡൽഹിയിലെ എംബസിയിൽ ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ വിദ്യാർഥിയെ ചോദ്യം ചെയ്യാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് (എം.ഇ.എ) അപേക്ഷ അയച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ ഉടനടി നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.