വ്യോമസേന പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന പരിശീലകന്‍ മരിച്ചു

07:20 AM Apr 06, 2025 | Suchithra Sivadas

ആഗ്രയില്‍ പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ  വ്യോമസേനാ പരിശീലകന്‍ മരിച്ചു. ശനിയാഴ്ച ആഗ്രയില്‍ നടന്ന 'ഡെമോ ഡ്രോപ്പ്' പരിശീലന സമയത്താണ് പാരച്യൂട്ട് തകരാറിലായി  വ്യോമസേനാ പരിശീലകന്‍  അപകടത്തില്‍പ്പെടുന്നത്. വ്യോമസ സേനയുടെ ആകാശ് ഗംഗ സ്‌കൈഡൈവിംഗ് ടീമിലെ  പാരാ ജമ്പ് ഇന്‍സ്ട്രക്ടര്‍ കര്‍ണാടക സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്ന് വ്യോമസേന ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പില്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വാറന്റ് ഓഫീസര്‍ മഞ്ജുനാഥും ട്രെയിനികളുമടക്കം 12 പേരാണ് വ്യോമ സേന വിമാനത്തില്‍ നിന്ന് ഡൈവ് ചെയ്തത്. ഇതില്‍ 11 പേരും സേഫായി ലാന്റ് ചെയ്തു. മഞ്ജുനാഥിന്റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വ്യോമസേന ഉദ്യോഗസ്ഥന്റെ നഷ്ടത്തില്‍ ഐഎഎഫ് അതീവ ദുഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിലും വേദനയിലും പങ്കു ചേരുന്നതായും  ഐഎഎഫ് എക്സില്‍ പോസ്റ്റ് ചെയ്തു.