ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. നോമ്പുകാലത്ത് മലപ്പുറം ജില്ലയില്‍ എത്തുന്നവര്‍ക്ക് ഒരു തുള്ളി വെള്ളം കിട്ടില്ലെന്ന പരാമര്‍ശത്തിലാണ് മറുപടി. കെ സുരേന്ദ്രന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടും തുണ പറയുന്നത് തുടരുകയാണെന്നും ഒരു നുണ നൂറ് തവണ പറഞ്ഞാല്‍ സത്യം ആവുമെന്നാണ് സുരേന്ദ്രന് കരുതുന്നതെന്നും ഫിറോസ് പറഞ്ഞു
ഹിറ്റ്ലര്‍ അഹിംസക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും പോലെയാണ് സുരേന്ദ്രന്റെ പ്രസ്താവനകള്‍. നോമ്പുകാലത്ത് കച്ചവടം കുറയുന്നതിനെ കുറിച്ചാണ് സുരേന്ദ്രന് പറയുന്നത്. എന്നാല്‍ സുരേന്ദ്രന് പോയി കച്ചവടം കൂട്ടട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നുണ പ്രചാരകനും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുക്കും എന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ ഫിറോസ് കേരളത്തിലെ പിന്നാക്ക സംവരണം മുസ്ലിങ്ങള്‍ തട്ടിയെടുത്തുവെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ സംവാദത്തിന് തയ്യാറെന്നും കൂട്ടിച്ചേര്‍ത്തു.
കെ സുരേന്ദ്രന്റെ പ്രസ്താവനയോട് സംസ്ഥാന പ്രസിഡന്റും ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. ജാതി സെന്‍സസിന് എതിര് നില്ക്കുന്ന ബിജെപിക്ക് സുരേന്ദ്രന് കെണി ഒരുക്കിയതാണ്. വിദ്വേഷം പറയുന്നവര്‍ക്കെതിരെ കേരളത്തിലും കേന്ദ്രത്തിലും നടപടിയില്ല. ആരൊക്കെ വിദ്വേഷ പ്രചാരണം നടത്തിയോ അവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മുസ്ലിങ്ങള്‍ക്ക് അര്‍ഹതയുള്ളത് പോലും കിട്ടുന്നില്ലെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.