ഇസ്രായേലിലേക്കുളള സർവ്വീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

03:00 PM May 10, 2025 | Neha Nair

ഡൽഹി: ഇസ്രായേലിലേക്കുളള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. ടെൽ അവീവിലേക്കുളള വിമാന സർവ്വീസുകളാണ് നിർത്തിവെച്ചത്. മെയ് 25 വരെയാണ് സർവ്വീസുകൾ നിർത്തിവെച്ചത്. ഇന്ത്യാ- പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഷെഡ്യൂളിംഗ് ചാർജുകളിൽ ഇളവ് നൽകുകയോ പൂർണമായ റീഫണ്ട് നൽകുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

മെയ് നാലിന് ടെൽ അവീവ് വിമാനത്താവളത്തിന് സമീപം മിസൈലാക്രമണം നടന്നതിനെ തുടർന്ന് എയർ ഇന്ത്യ മെയ് ആറ് വരെ സർവ്വീസുകൾ നിർത്തിവെച്ചിരുന്നു. പിന്നീട് അത് മെയ് എട്ട് വരെ നീട്ടി. തെൽ അവീവ് വിമാനത്താവളത്തിന് സമീപം മിസൈലാക്രമണം നടന്ന ദിവസം എയർ ഇന്ത്യ ഡൽഹി-തെൽ അവീവ് വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തെൽ അവീവിലേക്ക് നേരിട്ട് സർവ്വീസ് നടത്തുന്ന ഏക ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. സാധാരണയായി ഡൽഹിയിൽ നിന്ന് ഇസ്രായേൽ നഗരത്തിലേക്ക് ആഴ്ച്ചയിൽ അഞ്ച് വിമാനസർവ്വീസുകളാണ് നടത്താറുളളത്.